Zygo-Ad

ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പത്തുവർഷത്തിനുശേഷം മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ


കണ്ണൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച ഇരിക്കൂർ കുഞ്ഞാമിന വധക്കേസിൽ പത്തുവർഷത്തിനുശേഷമുള്ള നിർണായക വഴിത്തിരിവ്. കേസിൽ മുഖ്യപ്രതിയായ ഡൽഹി സ്വദേശിയെ ക്രൈംബ്രാഞ്ച് ഡൽഹിയിൽ വെച്ച് പിടികൂടി. ഡൽഹി സ്വദേശി അബ്ബാസ് അലിയെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ണൂരിലേക്ക് എത്തിച്ചു.

കേസിലെ മറ്റു പ്രതികളായ ഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ നേരത്തെ മധ്യപ്രദേശിൽ നിന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.

കൊലപാതകം നടന്നത് ഇങ്ങനെ:

2016 ഏപ്രിൽ 30-നാണ് ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ മെരടൻ കുഞ്ഞാമിന അതിക്രൂരമായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ സ്വന്തം വാടക ക്വാർട്ടേഴ്സിൽ കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. സ്ക്രൂഡ്രൈവർ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. വായയിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിക്കുകയും കാൽമുട്ടുകൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പാസ്‌പോർട്ട് ഓഫീസിൽ പോയി വൈകീട്ട് ആറ് മണിയോടെ മക്കളായ അയ്യൂബും ഉമ്മറും തിരിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

വ്യാജ വിലാസത്തിൽ താമസിച്ച പ്രതികൾ:

കൊലപാതകത്തിന് ഒരു മാസം മുൻപ് ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിലേക്ക് തുണിവില്പനയെന്ന വ്യാജേനയാണ് പ്രതികൾ വാടകയ്ക്ക് എത്തിയത്. എന്നാൽ മൂവരും വ്യാജ പേരും മേൽവിലാസവുമാണ് നൽകിയിരുന്നത്.

സംഭവദിവസം രാവിലെ 8-നും 9.30-നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. അന്ന് രാവിലെ 9.30-ഓടെ തന്നെ ഇവർ ക്വാർട്ടേഴ്സ് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതികളെക്കുറിച്ച് പിന്നീട് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിതിരിവായത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികളെ ഓരോരുത്തരെയായി പിടികൂടാൻ സാധിച്ചത്.



Previous Post Next Post