മൊകേരി (കണ്ണൂർ): മൊകേരിയിൽ വൻ തുക വിലമതിക്കുന്ന എം.ഡി.എം.എയുമായി 53-കാരൻ പൊലീസിന്റെ പിടിയിലായി. മൊകേരി മാവുള്ള ചാലിൽ പ്രദീപൻ എം.സി. (53) ആണ് അറസ്റ്റിലായത്. ആദ്യം മൊകേരി കോളേജ് പരിസരത്തുനിന്ന് രണ്ട് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ ഇയാളുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 104.208 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ ലഹരിമരുന്ന് പിടിച്ചെടുത്തത്. ബംഗളൂരുവിൽ ഹോട്ടൽ ബിസിനസ് നടത്തിവരികയാണ് പ്രതി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ ഡാൻസാഫ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണ ചന്ദ്രൻ, നാദാപുരം ഡിവൈഎസ്പി മനോജ് കുമാർ, കുറ്റ്യാടി സി.ഐ. ജയൻ വി.എം., നാർക്കോട്ടിക് സെൽ എസ്.ഐ. ഷമീർ പി., കുറ്റ്യാടി സ്റ്റേഷൻ എസ്.ഐമാരായ ഷമീർ, ബിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ഡാൻസാഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്.
