കണ്ണൂർ: അപകടങ്ങൾക്ക് കാരണമാകും വിധം ദേശീയപാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടികൾ കർശനമാക്കി കണ്ണൂർ ജില്ലാ ഭരണകൂടം. റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പോലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ സംയുക്ത പരിശോധനകളിൽ നവംബർ ആറ് മുതൽ 450 ഓളം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇവരിൽ നിന്നായി ആകെ 1,86,500 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
ചാല ജംഗ്ഷൻ മുതൽ നടാൽ ഗേറ്റ് വരെയുള്ള ഭാഗങ്ങളിൽ എടക്കാട് പോലീസ് സ്റ്റേഷൻ, ഹൈവേ പട്രോളിംഗ് ടീമുകൾ എന്നിവർ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്ത 228 വാഹനങ്ങൾ കണ്ടെത്തുകയും 1,33,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ചാല ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ 214 അനധികൃത പാർക്കിംഗുകൾ കണ്ടെത്തുകയും 53,500 രൂപ പിഴ ചുമത്തുകയും ചെയ്തു. നവംബർ ആറിന് ചേർന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി അപകടസാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ ഘടിപ്പിക്കുകയും ചെയ്യുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ വലിയ ട്രക്കുകൾക്കും മറ്റും നിർത്തിയിടുന്നതിനായി ദേശീയപാതയിൽ നിന്ന് മാറി പ്രത്യേക പാർക്കിംഗ് ബേ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
