Zygo-Ad

സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കായി ജില്ലാതല ലഹരിവിമുക്ത പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


കണ്ണൂർ: ലഹരിവിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ നശാ മുക്തി മിത്ര് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സഹോദയ കണ്ണൂർ, വിമുക്തി മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചിന്മയ ബാലഭവനിൽ പരിപാടി നടന്നത്. ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയും അവരെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യമായ സഹായവും പിന്തുണയും നൽകുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണെന്ന് ചടങ്ങിൽ വിലയിരുത്തി.

ജില്ലയിലെ 60 സ്കൂളുകളിൽ നിന്നായി ഓരോ സ്കൂളിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾ വീതം ഇരുനൂറോളം വിദ്യാർത്ഥികളും നോഡൽ ഓഫീസർമാരും ക്യാമ്പിൽ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ നിഷ വിജയകൃഷ്ണൻ, സഹോദയ സ്കൂൾ വൈസ് പ്രസിഡന്റ് ഗീതാഞ്ജലി സുനിൽ, സഹോദയ സെക്രട്ടറി സുരേഷ് പൊതുവാൾ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത്ത് തില്ലങ്കേരി, അഡീഷണൽ ജില്ലാ പ്രൊബേഷൻ ഓഫീസർ കെ. ഷുഹൈബ് എന്നിവർ സംസാരിച്ചു.

തുടർന്ന് വിവിധ വിഷയങ്ങളിൽ മൂന്ന് സെഷനുകളിലായി പരിശീലനം നൽകി. സൈബർ സുരക്ഷയും ഉത്തരവാദിത്തമുള്ള ഇന്റർനെറ്റ് ഉപയോഗവും എന്ന വിഷയത്തിൽ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പി.കെ. ദിജിൻ രാജ്, ഡിജിറ്റൽ ലോകത്തെ സ്വയംനിയന്ത്രണവും ആത്മബോധവും എന്ന വിഷയത്തിൽ ഡി-ഡാഡ് സെന്ററിലെ സൈക്കോളജിസ്റ്റ് ആർ. സപ്ന, കുട്ടികളുടെ നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്ന വിഷയത്തിൽ അഡ്വ. കെ.എ. പ്രദീപ് എന്നിവർ ക്ലാസെടുത്തു.



Previous Post Next Post