മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറും പണവും കവർന്ന കേസിൽ കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി. കണ്ണൂർ പെരിങ്ങളം അനിയാരം സ്വദേശി എം. രഞ്ജു (32), മട്ടന്നൂർ സ്വദേശി സൗരവ് സുനിൽ (26) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 30-ന് വൈകീട്ട് മീനങ്ങാടി എഫ്. സി. ഐ. ഗോഡൗണിന് സമീപത്തുവെച്ചായിരുന്നു സംഭവം. കർണാടകയിലെ ബേഗൂരിൽ നിന്ന് വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിയുടെ ഇന്നോവ കാറിനെ പിന്തുടർന്ന അക്രമിസംഘം വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കാറിന്റെ സൈഡ് ഗ്ലാസുകൾ അടിച്ചുതകർക്കുകയും ഡ്രൈവറുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് കാറും അതിലുണ്ടായിരുന്ന 21,000 രൂപയുമായി കടന്നുുകളയുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ നടന്ന തിരച്ചിലിൽ, കണ്ണൂർ തലക്കണ്ണി ഭാഗത്തുവെച്ച് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
