Zygo-Ad

പരിയാരത്ത് വയോധികയുടെ മാല കവർന്ന സംഭവത്തിൽ ദമ്പതികൾ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ


പരിയാരം: ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരിയായ വയോധികയുടെ മാല കവർന്ന കേസിൽ ദമ്പതികളെ പരിയാരം പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന തായിനേരി ഹാജി റോഡിലെ തറമ്മൽ അർജുൻ, ഭാര്യ കരിവെള്ളൂർ സ്വദേശിനി ടി.വി. ഹെൽന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഏഴിലോട് പുറച്ചേരിയിൽ വെച്ചായിരുന്നു സംഭവം. കവലയിലെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴിലോട് പുറച്ചേരി കിഴക്കേവീട്ടിൽ കെ.വി. സരോജിനിയുടെ (72) ഒന്നരപ്പവന്റെ (12 ഗ്രാം) സ്വർണ്ണമാലയാണ് സംഘം കവർന്നത്.

വഴി ചോദിക്കാനെന്ന വ്യാജേന സരോജിനിയുടെ അടുത്ത് ബൈക്ക് നിർത്തി സംസാരിക്കവേ, പുറകിലിരുന്ന ഹെൽന കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും ബൈക്കിൽ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പരിയാരം പോലീസ് മേഖലയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ തെരച്ചിലിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതും തുടർന്നുള്ള അറസ്റ്റും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.



Previous Post Next Post