തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസം മൂലം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന തീരദേശ മേഖലകളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കാൻ ജനങ്ങൾ തയ്യാറാകണം. കടലിൽ ഇറങ്ങുന്നതിനും തീരപ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിൽ ഏർപ്പെടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
