കണ്ണൂർ: ലെവൽ ക്രോസിങ്ങുകളിലെ മുന്നറിയിപ്പുകൾ അവഗണിച്ച് വാഹനങ്ങൾ ട്രാക്കിൽ കയറ്റുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി. ഗേറ്റ് അടയ്ക്കുന്ന സമയത്തോ അടച്ച ശേഷമോ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് റെയിൽവേ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. 1989 ലെ ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരം മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണിത്. കുറ്റം തെളിഞ്ഞാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നിർദേശിക്കുന്നതിനൊപ്പം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഭീമമായ തുക നഷ്ടപരിഹാരമായി ഈടാക്കുകയും ചെയ്യും.
കണ്ണൂർ താഴെ ചൊവ്വ ലെവൽ ക്രോസിങ്ങിൽ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ കടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങിയ പശ്ചാത്തലത്തിലാണ് നിർദേശം. ഇന്നലെ നടന്ന സംഭവത്തിൽ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ട്രെയിൻ ജീപ്പ് കണ്ട് ഉടൻ നിർത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തെ തുടർന്ന് അര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ജീപ്പ് ട്രാക്കിൽ നിന്ന് മാറ്റിയത്. സംഭവത്തിൽ അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
