Zygo-Ad

കെ എം ഷാജിയുടെ സുഹൃത്ത് യാക്കൂബിന് വഴിവിട്ട സഹായമെന്ന് ആരോപണം: വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിൽ പ്രതിഷേധം ശക്തം


കണ്ണൂർ: ലീഗ് നേതാവ് കെ എം ഷാജിക്ക് ആഡംബര കാർ നൽകിയ വ്യവസായി യാക്കൂബിന് വേണ്ടി സർക്കാർ വഴിവിട്ട സഹായം ചെയ്യുന്നതായി ആരോപണം. കണ്ണൂർ കാവുംപടി സി എച്ച് മുഹമ്മദ് സ്മാരക ഹയർ സെക്കന്ററി സ്കൂൾ കമ്മിറ്റിയിലേക്ക് യാക്കൂബ് ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രി നേരിട്ട് തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകി. നിലവിലുള്ള 34 അംഗങ്ങൾക്ക് പുറമേ 22 പേരെക്കൂടി ഉൾപ്പെടുത്തി ഈ മാസം 26ന് ജനറൽ ബോഡി ചേരണമെന്നാണ് നിർദ്ദേശം.

മുമ്പ് ഹൈക്കോടതി പലതവണ തള്ളിയ ആവശ്യമാണ് ഇപ്പോൾ മന്ത്രിയുടെ ഇടപെടലിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വ്യാജ രേഖകൾ ഉണ്ടാക്കി വരെ കമ്മിറ്റി പിടിച്ചെടുക്കാൻ ശ്രമങ്ങൾ നടന്ന സ്കൂളിൽ 2017ൽ ഹൈക്കോടതി ഇടപെട്ടാണ് നിലവിലുള്ള മാനേജ്‌മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. അതിനുശേഷം യാക്കൂബ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ വസ്തുതയില്ലെന്ന് കണ്ടു കോടതി തള്ളിയിരുന്നു.

എന്നാൽ കോടതി വിധികൾപോലും കാറ്റിൽപ്പറത്തി കൈക്കൊള്ളുന്ന പുതിയ തീരുമാനം പ്രാദേശിക ലീഗ് നേതൃത്വത്തിലും വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കാർ വിവാദ വേളയിൽ താൻ ആർക്കെങ്കിലും വഴിവിട്ട സഹായം ചെയ്തതായി തെളിയിക്കാമോ എന്ന് കെ എം ഷാജി വെല്ലുവിളിച്ചിരുന്നു. ഇതിനിടെ, യുഡിഎഫ് അധികാരത്തിൽ വന്ന് ഷാജി മന്ത്രിയായാൽ സ്കൂൾ മാനേജർ താനാകുമെന്ന് യാക്കൂബ് പ്രചരിപ്പിച്ചതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

 

Previous Post Next Post