കണ്ണൂർ: മുൻകൂട്ടി ബൈക്കുകൾ ട്രെയിൻ മാർഗ്ഗം എത്തിച്ച ശേഷം വിമാനത്തിൽ പറന്നിറങ്ങി കവർച്ച നടത്തുന്ന ഉത്തർപ്രദേശ് സ്വദേശികളായ ആറംഗ സംഘത്തെ പോലീസ് പിടികൂടി. തൃശ്ശൂർ, കളമശ്ശേരി, കണ്ണൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തൃശ്ശൂരിൽ മോഷണശ്രമത്തിനിടെ സംഘത്തിലെ പ്രധാനിയായ ഉത്തർപ്രദേശ് ബാഗ്‌പെറ്റ് സ്വദേശി റിഹാനെ (20) പോലീസ് തടഞ്ഞുവെച്ച് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടാളികൾ കൊച്ചി കേന്ദ്രീകരിച്ച് തങ്ങുന്നതായി വിവരം ലഭിച്ചത്. തുടർന്ന് തൃശ്ശൂർ, കളമശ്ശേരി പോലീസ് സംഘം കളമശ്ശേരിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെ പിടികൂടി. ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സെയ്‌ഫുള്ള (31), മുഹമ്മദ് ഫർമാൻ അൻസാരി (22), സുഹൈൽ (22), ഷക്കീബ് (21), റിഹാൻ ഖാൻ (22) എന്നിവരാണ് ഇവിടെ നിന്ന് അറസ്റ്റിലായത്.
പ്രതികൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന കേബിൾ കട്ടറുകൾ, വിവിധ താക്കോലുകൾ, മൊബൈൽ ഫോണുകൾ, പണം, തിരിച്ചറിയൽ രേഖകൾ, ട്രെയിൻ-വിമാന ടിക്കറ്റുകൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഘത്തിലെ മറ്റു ചിലർ കണ്ണൂരിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ പോലീസ് നടത്തിയ തെരച്ചിലിൽ നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തു. നിർമാണം നടക്കുന്ന വീടുകൾ, കോപ്പർ സ്ട്രിപ്പുകളുള്ള വൻകിട ജനറേറ്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ച് ബൂത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും മോഷണം നടത്തിയിരുന്നതെന്ന് കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ് വ്യക്തമാക്കി.
