കണ്ണൂർ: ചാല ഹൈവേയിലെ അനധികൃത വാഹന പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കി പോലീസ്. പ്രദേശത്തെ ആശുപത്രികൾക്ക് മുൻവശം വാഹനങ്ങൾ തടസ്സമായി നിർത്തിയിടുന്നത് മൂലം അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ആശുപത്രി ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് പുറമെ മറ്റ് യാത്രക്കാരും ഹൈവേയിൽ മണിക്കൂറുകളോളം വാഹനം നിർത്തിയിടുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്.
പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും. കൂടാതെ, പ്രദേശത്തെ പ്രമുഖ വാഹന ഷോറൂമുകളിലേക്ക് എത്തുന്ന ട്രെയിലർ ലോറികൾ ഹൈവേയിൽ നിർത്തിയിട്ട് ചരക്കുകൾ അൺലോഡ് ചെയ്യുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
