
കണ്ണൂർ: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിനെ തുടർന്ന് മന്ത്രി കെ.എം. ഷാജി കാർ തിരിച്ചേൽപ്പിച്ചു. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് തിരികെ നൽകിയത്. ആഡംബര കാറിലെ മന്ത്രിയുടെ യാത്ര വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഔദ്യോഗിക വാഹനം സർവീസിന് നൽകിയ സമയത്താണ് സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നും ഇതിനായി ഇന്ധനച്ചെലവ് സർക്കാരിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഔദ്യോഗിക വാഹനം തിരികെ ലഭിച്ചതോടെയാണ് സ്വകാര്യ വാഹനം ഒഴിവാക്കിയതെന്നും വിശദീകരണത്തിൽ പറയുന്നു. അതേസമയം, ആഡംബര കാറിലെ യാത്ര സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.