തളിപ്പറമ്പ്: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിലായി. യു.പി സ്വദേശിയായ സുധാമ ചൗഹാൻ (27) ആണ് എക്സൈസിന്റെ പിടിയിലായത്.
തളിപ്പറമ്പ്, മന്ന, പുഷ്പഗിരി എന്നീ ഭാഗങ്ങളിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് ജെ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മന്നയിൽ വെച്ച് ഇയാൾ പിടിയിലാകുന്നത്. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും പുകയില ഉൽപ്പന്നങ്ങളും മറ്റ് ലഹരിവസ്തുക്കളും എത്തിച്ച് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ സുധാമ ചൗഹാൻ. കഴിഞ്ഞദിവസം ഇയാളുടെ കൂട്ടാളിയെ തളിപ്പറമ്പ് പോലീസ് ലഹരിവസ്തുക്കളുമായി പിടികൂടിയിരുന്നു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മുഹമ്മദ് ഹാരിസ് കെ, സിവിൽ എക്സൈസ് ഓഫീസർ വിനീഷ് കെ. എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
