പയ്യാവൂർ: സി.ആർ.എഫ് പദ്ധതിയിലുൾപ്പെടുത്തി 60 കോടി രൂപ അനുവദിച്ച പയ്യാവൂർ - കുന്നത്തൂർപാടി - കാഞ്ഞിരക്കൊല്ലി - മണിക്കടവ് - നുച്യാട് റോഡ് വികസനം ഭരണാനുമതി വൈകുന്നതിനാൽ തടസ്സപ്പെടുന്നു. 26 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പ്രധാന പാതയിലൂടെയാണ് പ്രശസ്ത തീർഥാടന കേന്ദ്രമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തേക്കും ശശിപ്പാറ, അളകാപുരി തുടങ്ങിയ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലേക്കും ജനങ്ങൾ യാത്ര ചെയ്യുന്നത്. റോഡിന് ഭരണാനുമതി നൽകണമെന്ന ആവശ്യവുമായി റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പയ്യാവൂരിൽ ധർണ സംഘടിപ്പിക്കും.
വർഷങ്ങളായി പുനരുദ്ധാരണം നടക്കാത്തതിനെ തുടർന്ന് ഈ പാതയിൽ അപകടങ്ങൾ പതിവാണ്. കുന്നത്തൂർപാടി ഉത്സവകാലത്ത് ഇടുങ്ങിയ റോഡിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ കാൽനടയാത്രക്കാർക്ക് നടക്കാനോ സൗകര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിർമാണം പൂർത്തിയായാൽ പ്രദേശവാസികൾക്കും തീർഥാടകർക്കും ടൂറിസ്റ്റുകൾക്കും വലിയ ആശ്വാസമാകും.
