കണ്ണൂർ: 22-കാരിയായ യുവതിക്ക് വാട്സ്ആപ്പിലൂടെ അശ്ലീല ശബ്ദസന്ദേശങ്ങൾ അയച്ച സംഭവത്തിൽ എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ യുവതിയുടെ വീട്ടിലെത്തിയ ഇയാളെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ച് പോലീസ് കൈമാറുകയായിരുന്നു.
പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് യുവതിയെ ജിജു പരിചയപ്പെടുന്നത്. തുടർന്ന് മൊബൈൽ നമ്പർ കൈക്കലാക്കിയ ഇയാൾ രാത്രി സമയങ്ങളിൽ യുവതിയുടെ വാട്സ്ആപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. വിവരം യുവതി ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന്, ഭർത്താവ് യുവതിയെന്ന വ്യാജേന ഫോണിൽ സംസാരിച്ച് ജിജുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തടഞ്ഞുവെച്ച് മണിക്കൂറോളം ആൾക്കൂട്ട വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മർദ്ദനമേറ്റ ജിജു സ്കറിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ബന്ധുക്കൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
