ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം 17 കിലോ കഞ്ചാവുമായി എത്തിയ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ദശരത് മണ്ഡലിനെ പയ്യന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ വൈശാഖിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളിലൊരാളാണ് ദശരത് മണ്ഡലെന്ന് എക്സൈസ് അറിയിച്ചു.
ഒഡീഷയിൽ നിന്ന് ഇയാൾ ഇതിനുമുമ്പും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് എക്സൈസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ്, പയ്യന്നൂർ എക്സൈസ് റേഞ്ച് ടീം, ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിലാണ് നടക്കുക.
