Zygo-Ad

ഡിജിറ്റൽ ലോകത്ത് ഇനി കുരുന്നുകൾക്ക് കാവൽ കണ്ണൂരിൽ കിഡ് ഗ്ലൗവ് ബാഡ്ജ് വിതരണം ചെയ്തു

 


കുട്ടികളെ ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരായി വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് സൈബർ ഡിവിഷൻ നടപ്പിലാക്കുന്ന കിഡ് ഗ്ലൗവ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് വിതരണം സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെയും സൈബർ ഡിവിഷന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ പോലീസ് ട്രെയിനിങ് സെന്ററിൽ നടന്ന ചടങ്ങ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ആസാദ് എംപി ഉദ്ഘാടനം ചെയ്തു.

സാങ്കേതികവിദ്യയെ തടയുകയല്ല മറിച്ച് വിവേകത്തോടെ ഉപയോഗിക്കാൻ പുതുതലമുറയെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. സൈബർ സുരക്ഷ, ഡിജിറ്റൽ വെൽബീയിംഗ്, സുരക്ഷിതമായ സോഷ്യൽ മീഡിയ ഉപയോഗം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ ബുള്ളിയിംഗ്, ഓൺലൈൻ ഗ്രൂമിംഗ് എന്നിവയെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, കൗൺസിലർമാർ, പോലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള തുടർച്ചയായ സുരക്ഷാ സംവിധാനമാണിത്. ബാഡ്ജ് സ്വീകരിച്ച വിദ്യാർത്ഥികൾ സ്വന്തം സ്കൂളുകളിൽ സൈബർ സുരക്ഷാ അംബാസഡർമാരായി പ്രവർത്തിക്കും.

ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത 26 വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഇവർ ഒക്ടോബർ 7, 8 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല കിഡ് ഗ്ലൗവ് സമ്മിറ്റിൽ കണ്ണൂരിനെ പ്രതിനിധീകരിക്കും. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് ഇൻസ്പെക്ടർ മിഥുൻ എസ്‌വി സ്വാഗതം പറഞ്ഞു. എസ്പിസി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ രാജേഷ് ആശംസയറിയിച്ചു. മാസ്റ്റർ ട്രെയിനർ ദിജിൻ രാജ്, നെഫെർ ടിറ്റി എന്നിവർ വിഷയാധിഷ്ഠിത ക്ലാസുകൾ നയിച്ചു. ഡിസിആർസി കൗൺസിലർ റഹ്നാസ് നന്ദി രേഖപ്പെടുത്തി.

Previous Post Next Post