തളിപ്പറമ്പ്: 30 കോടി രൂപയുടെ തിരുവോണം ബമ്പർ അടിച്ച ഭാഗ്യവാൻ ആരാണെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നു. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് വിറ്റതെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്മാനാർഹനെക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവന്നിട്ടില്ല.
ശനിയാഴ്ച തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിലാണ് TL 360615 എന്ന ടിക്കറ്റിന് 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കണ്ണൂർ ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് ചക്കരക്കല്ലിലെ മുത്തു ഏജൻസി വാങ്ങി തളിപ്പറമ്പിലെ സബ് ഏജന്റായ സുജിത്തിന് കൈമാറിയ ടിക്കറ്റിനാണ് ബമ്പറടിച്ചത്.
എന്നാൽ, ആർക്കാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്ന് തനിക്ക് ഓർമ്മയില്ലെന്ന് ലോട്ടറി ഏജന്റായ സുജിത് വ്യക്തമാക്കി. താൻ ആകെ 30 ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്നും തളിപ്പറമ്പ് ഭാഗത്തുള്ള ആർക്കെങ്കിലും തന്നെയാകും സമ്മാനം ലഭിച്ചതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനാർഹൻ ബാങ്ക് വഴിയോ ലോട്ടറി ഡയറക്ടറേറ്റ് വഴിയോ ടിക്കറ്റ് ഹാജരാക്കുന്നതോടെ മാത്രമേ ഭാഗ്യശാലി ആരാണെന്ന വിവരത്തിൽ വ്യക്തത വരികയുള്ളൂ.
