Zygo-Ad

സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം: താണ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ അതിഥി സായാഹ്നം സംഘടിപ്പിച്ചു


കണ്ണൂർ: സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അതിഥി സായാഹ്നത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള താണ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. വിവിധ ജില്ലകളിൽ നിന്ന് പഠനാവശ്യാർത്ഥം ഇവിടെ താമസിക്കുന്ന വിദ്യാർഥികളുമായി സംഘം ആശയവിനിമയം നടത്തുകയും ലഭ്യമാകുന്ന അവസരങ്ങളെ മികച്ച രീതിയിൽ വിനിയോഗിച്ച് ജീവിതത്തിൽ മുന്നേറണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

ഹോസ്റ്റലിന്റെ നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കുള്ള സൗകര്യങ്ങളെക്കുറിച്ചും അധികൃതരോട് ചോദിച്ചറിഞ്ഞു. 1960-ൽ ആരംഭിച്ച ഈ സ്ഥാപനം 2022-ൽ നിർമിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 55 വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഹോസ്റ്റലിൽ നിലവിൽ 29 കുട്ടികളാണ് താമസിക്കുന്നത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപെട്ട വിദ്യാർഥികളാണ് അന്തേവാസികളിൽ ഭൂരിഭാഗവും. താമസം, ഭക്ഷണം, സ്പോർട്സ് ഉപകരണങ്ങൾ, ലൈബ്രറി സൗകര്യം എന്നിവയെല്ലാം വിദ്യാർഥികൾക്ക് സൗജന്യമായാണ് ലഭ്യമാക്കുന്നത്.

കിടപ്പുമുറികൾ, സന്ദർശക മുറി, വായനമുറി, വിനോദമുറി, സിക്ക് റൂം, അടുക്കള, ഭക്ഷണ ഹാൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രത്യേക ഉപദേശക സമിതിയും പ്രവർത്തിക്കുന്നുണ്ട്.

ജില്ലാ പട്ടികജാതി വികസന ഓഫീസർ ഒ.പി. രാധാകൃഷ്ണൻ, ഹോസ്റ്റൽ സ്റ്റിവാർഡ് പി. ഷഖിൽ, റസിഡന്റ് ട്യൂട്ടർ വി.വി. അരുൺ, ഹോസ്റ്റൽ സെക്രട്ടറി പി.എസ്. വൈഷ്ണവ് എന്നിവർ സന്ദർശന വേളയിൽ ഹോസ്റ്റലിന്റെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.



Previous Post Next Post