കണ്ണൂർ: ദിവസങ്ങൾക്ക് മുമ്പ് വീട്ടിനുള്ളിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങളിൽ 15 പവൻ വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ കണ്ടെത്തി. തയ്യിൽ കുറുമ്പക്കാവിന് സമീപത്തെ ടി. പ്രസന്നയുടെ വീട്ടിലാണ് സംഭവം. കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപത്തി ഒന്നേകാൽ പവൻ ആഭരണങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയിരുന്നത്.
വീട്ടുകാർ തൊട്ടടുത്ത കുടുംബവീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് ഗേറ്റിൽ തൂക്കിയിട്ട നിലയിൽ സ്വർണമടങ്ങിയ സഞ്ചി ശ്രദ്ധയിൽപ്പെട്ടത്. പോലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നതിനിടെയാണ് സ്വർണം ഭാഗികമായി തിരികെ ലഭിക്കുന്നത്. ഉടൻ തന്നെ വീട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയും സ്വർണം കൈമാറുകയും ചെയ്തു.
മോഷണവുമായി ബന്ധപ്പെട്ട് പോലീസ് വൻ സംഘമായി അന്വേഷണം നടത്തി വരികയായിരുന്നു. വീട്ടുകാർക്ക് പുറമേ വീടിന്റെ പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്നവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. പോലീസ് വലയിലാകുമെന്ന ഭയമാണ് മോഷ്ടാവിനെ സ്വർണം തിരികെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആരാണ് സഞ്ചി ഗേറ്റിൽ കൊണ്ടുവച്ചതെന്ന കാര്യത്തിൽ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കണ്ണൂർ സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ വൈഷ്ണവ് രാമചന്ദ്രൻ അറിയിച്ചു.
