Zygo-Ad

ഒളിച്ച് വെക്കലല്ല ജനാധിപത്യം, തുറന്ന് പറച്ചിലാണ്: ഡോ. ആർസു

 


ഒളിച്ച് വെക്കലല്ല ജനാധിപത്യമെന്നും തുറന്ന് പറച്ചിലാണ് ഭരണാധികാരികൾ സ്വീകരിക്കേണ്ട നിലപാടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിയൻ പഠന ഗവേഷണ ചെയർ വിസിറ്റിങ് പ്രൊഫസർ ഡോ. ആർസു അഭിപ്രായപ്പെട്ടു. കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയും ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയും സംയുക്തമായി മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ മുന്നിൽ നിവർന്ന് നിൽക്കാൻ കഴിയാത്തവർ സത്യമേവ ജയതേ എന്ന നിലയിലേക്ക് ഉയർന്നു വരുമ്പോഴേ ഗാന്ധിജിയോട് നീതി പുലർത്തിയെന്ന് പറയാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ആദർശങ്ങളിൽ മായം ചേർക്കുന്നവരെ പൂവിട്ട് പൂജിക്കുന്ന അധമ സംസ്കാരത്തിലേക്ക് കാലം കൂപ്പുകുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മഹാത്മ മന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. സുനിൽകുമാർ സ്വാഗതം ആശംസിച്ചു. സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ടി.പി.ആർ. നാഥ്, സെക്രട്ടറി രാജൻ തീയറേത്ത്, ദിനു മൊട്ടമ്മൽ, രമ ജി. നമ്പ്യാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Previous Post Next Post