കണ്ണൂർ: താഴെചൊവ്വയിലെ നെഹദി മന്തി എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് നേപ്പാളി സ്വദേശികളുടെ ബാഗിൽ നിന്നും പണം കവർന്ന കേസിൽ സഹപ്രവർത്തകനായ നേപ്പാളി സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ കാഠ്മണ്ഡു സ്വദേശി അമിത് ദമായി (25) ആണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെഹദി മന്തിയിൽ ജോലി ചെയ്യുന്ന രണ്ട് നേപ്പാളി സ്വദേശികളുടെ ബാഗുകളിൽ നിന്നായി 1,70,000 രൂപയാണ് നഷ്ടപ്പെട്ടത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ കീറിയാണ് പ്രതി പണം മോഷ്ടിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയായിരുന്നു.
സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ പട്രോളിങ്ങിനിടെ കാൽടെക്സ് ഭാഗത്ത് വെച്ച് പ്രതിയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കണ്ണൂർ ടൗൺ പോലീസ് എസ്.ഐ അനിൽകുമാർ, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ സനൂപ് നാരായണൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
