Zygo-Ad

സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ ചപ്പാത്തിക്കോൽ കൊണ്ട് ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ


കണ്ണൂർ: പരിയാരം ചെറുതാഴത്ത് സ്വത്ത് തർക്കത്തെ തുടർന്ന് ചപ്പാത്തിക്കോൽ കൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിലായി. പുറച്ചേരിക്കോട്ടയിലെ കലശക്കാരൻ ഹൗസിൽ സാവിത്രിയുടെ (67) പരാതിയിൽ മകൻ കെ. സജിത്തിനെയാണ് (47) പരിയാരം എസ്.എച്ച്.ഒ യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കോട്ടയിലെ വീടിന്റെ ചായ്പിൽ വെച്ചാണ് സംഭവം നടന്നത്. കുടുംബസ്വത്ത് വിറ്റ വകയിൽ ലഭിച്ച തുക സാവിത്രിയുടെ പേരിൽ നിക്ഷേപിച്ചിരുന്നു. ഇതിൽ നിന്ന് ഒരു വിഹിതം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. അടുക്കളയിൽ നിന്ന് ചപ്പാത്തിക്കോൽ എടുത്ത് സജിത്ത് അമ്മയുടെ തലയുടെ പിൻഭാഗത്തും നെറ്റിയിലും അടിക്കുകയായിരുന്നു.

വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ സാവിത്രി ഇടതുകൈ കൊണ്ട് തടഞ്ഞതിനാൽ കൈകൾക്കും പരിക്കേറ്റു. കൃത്യസമയത്ത് കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ ഗുരുതരമായ പരിക്കേറ്റ് മരണം സംഭവിക്കുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. എസ്.ഐ ശ്രീകുമാറും എ.എസ്.ഐ സുനേഷും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.



Previous Post Next Post