കണ്ണൂർ: സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയും എൽസെവിയറും ചേർന്ന് പുറത്തിറക്കിയ ലോകത്തെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി കണ്ണൂർ സർവ്വകലാശാല. സർവ്വകലാശാലയിലെ പാലയാട് ഡോക്ടർ ജാനകിയമ്മാൾ ക്യാമ്പസിലെ ബയോ ടെക്നോളജി-മൈക്രോബയോളജി വിഭാഗം പ്രൊഫസറായ ഡോക്ടർ സാബു അബ്ദുൽ ഹമീദ് ആണ് ഈ നേട്ടം കൈവരിച്ചത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയുടെ മികവിന്റെ പട്ടികയിൽ തൻ്റെ സ്ഥാനം ഉറപ്പിക്കുന്നത്.
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ നിന്നും ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, അഞ്ചുവർഷം സി എസ് ഐ ആർ നിസ്റ്റിലും ഫ്രാൻസ്, ഹംഗറി, യു എസ് എ എന്നിവിടങ്ങളിലെ പ്രമുഖ സർവ്വകലാശാലകളിലും സേവനമനുഷ്ഠിക്കുകയും ഗവേഷണ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിലധികമായി കണ്ണൂർ സർവ്വകലാശാലയിൽ അദ്ധ്യാപന രംഗത്തും ഗവേഷണ രംഗത്തും സജീവമായ ഡോക്ടർ സാബു നിരവധി ലോകോത്തര ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന് അമേരിക്കൻ പേറ്റന്റ് ഉൾപ്പെടെ നിരവധി പേറ്റന്റുകളും ലഭിച്ചിട്ടുണ്ട്.
കണ്ണൂർ സർവ്വകലാശാലയുടെ മുൻ പ്രോ വൈസ് ചാൻസിലർ കൂടിയായ ഡോക്ടർ സാബു സർവ്വകലാശാലയുടെ നിരവധി അന്താരാഷ്ട്ര സഹകരണ പദ്ധതികളുടെ മുഖ്യ പങ്കാളിയാണ്. കൂടാതെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മെമ്പർ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
