Zygo-Ad

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; ആറ് മെഡലുകളും രണ്ട് ട്രോഫികളുമായി നാടിന് അഭിമാനമായി കൊച്ചുമിടുക്കി


കണ്ണൂർ: മലേഷ്യയിൽ നടന്ന പ്രഥമ കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പ് 2026-ൽ ചരിത്ര നേട്ടവുമായി കണ്ണൂരിന്റെ കൊച്ചു ചെസ് താരം ആരാധ്യ കൊമ്മേരി രജനീഷ്. അണ്ടർ-7 പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച ആരാധ്യ ആറ് മെഡലുകളും രണ്ട് ട്രോഫികളും സ്വന്തമാക്കിയാണ് നാളെ നാട്ടിലേക്ക് മടങ്ങുന്നത്.

റാപ്പിഡ്, ബ്ലിറ്റ്സ്, സ്റ്റാൻഡേർഡ് എന്നീ മൂന്ന് വിഭാഗങ്ങളിലും മികച്ച വിജയം കൈവരിച്ചതാണ് ആരാധ്യയുടെ പ്രകടനത്തെ ശ്രദ്ധേയമാക്കിയത്. മൂന്ന് ഇനങ്ങളിലും മെഡൽ നേടുന്ന അപൂർവ നേട്ടവും ഈ കൊച്ചുമിടുക്കി സ്വന്തമാക്കി. റാപ്പിഡ്, ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പുകളിൽ വ്യക്തിഗത ചാമ്പ്യൻപട്ടവും ടീം സ്വർണമെഡലുകളും ആരാധ്യ നേടി. കൂടാതെ സ്റ്റാൻഡേർഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത വെങ്കല മെഡലും ടീം സ്വർണമെഡലും സ്വന്തമാക്കി.

ടൂർണമെന്റിൽ ഇന്ത്യ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കിയതിലും ആരാധ്യയുടെ പ്രകടനം നിർണ്ണായകമായി. പരിശീലകരുടെ മാർഗ്ഗനിർദ്ദേശവും കുടുംബത്തിന്റെ പിന്തുണയുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ആരാധ്യ പറഞ്ഞു. സഹോദരൻ ആദേഷിന്റെ കളി കണ്ടാണ് ആരാധ്യ ചെസ്സ് രംഗത്തേക്ക് കടന്നുവന്നത്. അന്താരാഷ്ട്ര വേദിയിൽ മികച്ച മുന്നേറ്റം നടത്തിയ ആരാധ്യയ്ക്ക് നാടൊട്ടുക്കും അഭിനന്ദന പ്രവാഹമാണ്.


Previous Post Next Post