കണ്ണൂർ: ബെംഗളൂരു-മൈസൂരു ഹൈവേയിൽ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ കണ്ണൂർ തളാപ്പ് അഴിക്കോടൻ റോഡ് സ്വദേശി ഫസീൽ (21) മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇംറാൻ (20) പരിക്കുകളോടെ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനിംഗ് വിദ്യാർത്ഥികളായ ഇരുവരും നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിൻ റിക്കവറി വാനിൽ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുനിന്ന് പോലീസും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫസീലിന്റെ ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾ മൈസൂരിൽ എത്തിയിട്ടുണ്ട്.
