Zygo-Ad

പ്ലാസ്റ്റിക് ശേഖരണത്തിനിടെ ലഭിച്ച ഒന്നര പവന്റെ താലിമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി


തളിപ്പറമ്പ്: പ്ലാസ്റ്റിക് ശേഖരണത്തിനിടെ കവറിനുള്ളിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നര പവന്റെ താലിമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി. പട്ടുവം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡായ വെളിച്ചാങ്കിലെ ഹരിത കർമ്മ സേനാംഗങ്ങളാണ് ഈ സത്യസന്ധത കാട്ടിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പട്ടുവം കച്ചേരിക്ക് സമീപത്തെ തെയ്യം കലാകാരൻ കെ വി സുനിൽകുമാറിന്റെ വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയപ്പോഴാണ് സംഭവം. മുതുകുടയിലെ ഗായത്രി, യു ഭാനുമതി, ടി വി രജിത, മംഗലശ്ശേരിയിലെ കെ രജനി, വെളിച്ചാങ്കലിലെ പി പി സുമിത്ര, സി പി രാഗിണി എന്നിവരടങ്ങിയ സംഘമാണ് ഇവിടെയെത്തിയത്.

വീടിന് പിൻവശത്തെ ചുമരിൽ പ്ലാസ്റ്റിക് വസ്തുക്കൾ നിക്ഷേപിക്കാൻ തൂക്കിയിട്ട സഞ്ചിയിൽ നിന്ന് മാലിന്യം തരംതിരിക്കുമ്പോഴാണ് ഒരു പ്ലാസ്റ്റിക് കൂടിനുള്ളിൽ താലിമാല കണ്ടത്. ഈ സമയം സുനിൽകുമാറിന്റെ മകൾ ശ്രേയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹരിത കർമ്മ സേനാംഗങ്ങൾ ഉടൻ തന്നെ വിവരം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പി പി സുരേഷിനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സുനിൽകുമാറിന് സുരേഷിന്റെ സാന്നിധ്യത്തിൽ ഇവർ മാല കൈമാറി.

സുനിൽകുമാറിന്റെ ഭാര്യയും മുതുകുട അങ്കണവാടിയിലെ ഹെൽപ്പറുമായ പി വി ശ്യാമളയുടേതായിരുന്നു ഈ മാല. ഒന്നരയാഴ്ച മുമ്പ് കുളിക്കാൻ കയറുന്നതിന് മുന്നോടിയായി ശ്യാമള മാലയൂരി മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഉപേക്ഷിച്ച നിലയിലായിരുന്നു. കളഞ്ഞുകിട്ടിയ മാലയ്ക്ക് ഇന്നത്തെ വിപണിയിൽ ഏകദേശം 1,64,100 രൂപ വിലവരും. ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധതയെ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.



Previous Post Next Post