Zygo-Ad

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം: ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട്; ഡോക്ടർമാരെ പ്രതി ചേർക്കും


പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായി സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് പയ്യന്നൂർ പോലീസിന് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെ പോലീസ് പ്രതി ചേർക്കും.

കഴിഞ്ഞ ജൂലൈ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും പരുക്കേറ്റ കുഞ്ഞിനെ നിസ്സാര മുറിവിന് സ്റ്റിച്ച് ഇടാനാണ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഒരു സെന്റീമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള ചെറിയ മുറിവിന് ഡോക്ടർമാർ അനാവശ്യമായി അനസ്ത്യേഷ്യ നൽകുകയായിരുന്നുവെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. അനസ്ത്യേഷ്യ നൽകി 10 മിനിറ്റിനുള്ളിൽ കുഞ്ഞിന്റെ മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം നിലച്ചാണ് മരണം സംഭവിച്ചത്.

ഡോക്ടർമാരുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണുണ്ടായതെന്ന് മെഡിക്കൽ ബോർഡിന്റെ പ്രാഥമിക പരിശോധനയിലും തെളിഞ്ഞിരുന്നു. കേസിൽ നിലവിൽ അനസ്ത്യേഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. സംഭവത്തിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിന്റെ പിതാവ് സർക്കാരിന് നിവേദനം നൽകിയിരുന്നു.



Previous Post Next Post