കണ്ണൂർ ചെറുപഴശ്ശിയിൽ കല്യാണച്ചടങ്ങിനിടെ മിഠായി തൊണ്ടയിൽ കുടുങ്ങി അപകടത്തിലായ പതിനൊന്നുകാരന് രക്ഷകയായി ആശാപ്രവർത്തക. സന്തോഷം നിറഞ്ഞുനിന്നിരുന്ന കല്യാണപ്പന്തലിൽ അപ്രതീക്ഷിതമായാണ് കുട്ടിക്ക് ശ്വാസതടസ്സമുണ്ടായത്. തൊണ്ടയിൽ മിഠായി കുടുങ്ങി കുട്ടി ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് പിടഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവർ ഭയന്നുനിന്നു.
ഈ സമയം ഒട്ടും പതറാതെ മുന്നോട്ടുവന്ന ആശാപ്രവർത്തക സുജാത ഇ വി, തനിക്ക് ലഭിച്ച പ്രഥമശുശ്രൂഷാ പരിശീലനം കൃത്യസമയത്ത് പ്രയോഗിക്കുകയായിരുന്നു. അടിയന്തരമായി നൽകിയ പ്രഥമശുശ്രൂഷയിലൂടെ തൊണ്ടയിൽ കുടുങ്ങിയ മിഠായി പുറത്തെടുക്കാനും കുട്ടിയുടെ ജീവൻ രക്ഷിക്കാനും സാധിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ കോയ്യോട്ടുമൂല വാർഡിലെ ആശാപ്രവർത്തകയാണ് സുജാത. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ സുജാതയെ ആരോഗ്യവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി സുജാതയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. അടിയന്തര ഘട്ടങ്ങളിൽ പ്രഥമശുശ്രൂഷാ അറിവ് എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയിക്കുന്നതായി ഈ സംഭവം.
