കണ്ണൂർ: ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയായ കണ്ണൂർ തെക്കീ ബസാർ സ്വദേശി നിസാം (40) ബെംഗളൂരുവിൽ പോലീസിന്റെ പിടിയിലായി. കണ്ണൂർ ടൗൺ പോലീസും ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ചേർന്നു നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്.
നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായ ഇയാളെ മട്ടന്നൂരിൽ 153.379 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിൽ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് വലയിലാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ബെംഗളൂരുവിൽ നിന്ന് റോബോട്ട് കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് കണ്ണൂരിലേക്ക് എം.ഡി.എം.എ. കടത്തിയ കേസ് ഉൾപ്പെടെ നിരവധി സിറ്റി കേസുകളിൽ നിസാം പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. 2022-ൽ രണ്ട് കിലോയോളം എം.ഡി.എം.എ.യുമായി ഇയാളെ ടൗൺ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, എ.സി.പി. എം.പി. ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം എസ്.ഐ. കെ.ടി. അഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബെംഗളൂരുവിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
