കണ്ണൂർ: വിമാന യാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ട സംഭവത്തിൽ പരാതിക്കാരിയായ യാത്രക്കാരിക്ക് ഇൻഡിഗോ എയർലൈൻസ് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു. പരിയാരം സ്വദേശിനിയും മാതംഗലം സി പി എൻ എസ് ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ആർ. ദീപ നൽകിയ പരാതിയിലാണ് വിധി.
2025 ഏപ്രിൽ 24-ന് ബിഹാറിലെ ഗയയിൽനിന്ന് ഡൽഹി വഴി കണ്ണൂരിലേക്ക് അമ്മയ്ക്കും സഹോദരിക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ദീപയുടെ 12 കിലോ ഭാരമുള്ള ലഗേജ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ബാഗിൽ 60,000 രൂപയിലധികം വിലവരുന്ന വസ്ത്രങ്ങളും സ്വർണവളയും ഉൾപ്പെടെ ഉണ്ടായിരുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.
ലഗേജ് കണ്ടെത്താൻ കഴിയാതെ വന്നതോടെ എയർലൈൻസ് കമ്പനി 4,200 രൂപ മാത്രമാണ് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തത്. എന്നാൽ ഈ തുക നിരസിച്ച പരാതിക്കാരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു.
നഷ്ടപ്പെട്ട സാധനങ്ങളുടെ വിലയായി 90,000 രൂപയും മാനസിക വിഷമങ്ങൾക്കും സേവനത്തിലെ വീഴ്ചയ്ക്കും അധിക നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉൾപ്പെടെ ആകെ 1.25 ലക്ഷം രൂപ നൽകാനാണ് ഉത്തരവിട്ടത്. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച് ഒരു മാസത്തിനകം തുക കൈമാറണമെന്നും, വീഴ്ചവരുത്തിയാൽ പ്രതിവർഷം ഒമ്പത് ശതമാനം പലിശ നൽകേണ്ടിവരുമെന്നും കമീഷൻ നിർദേശിച്ചിരുന്നു. കമീഷൻ ഉത്തരവിൽ പറഞ്ഞ പ്രകാരമുള്ള നഷ്ടപരിഹാര തുക ദീപയുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമായിട്ടുണ്ട്.
