വളപട്ടണം പാലത്തിലെ നവീകരണ പ്രവൃത്തിയും മേലെ ചൊവ്വ മേൽപ്പാലം നിർമ്മാണവും നടക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. റോഡുകളിലെ നിർമാണ നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് നടന്ന പരിശോധനകൾക്ക് ശേഷമാണ് പുതിയ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചത്.
പഴയങ്ങാടി റോഡിൽ ചെറുകുന്ന്, തളിപ്പറമ്പ് റോഡിൽ ധർമ്മശാല മുതൽ എടക്കാട് വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം ബാധകമാകുന്നത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകുന്നേരം നാല് മുതൽ രാത്രി ഏഴ് വരെയുമായിരിക്കും ഈ നിയന്ത്രണം. പത്ത് ടയർ മുതലുള്ള ഹെവി ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്സിൽ ട്രക്കുകൾ, ട്രെയിലറുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കാണ് ദുരന്തനിവാരണ നിയമപ്രകാരം വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, പഴയങ്ങാടി കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ റൂട്ട് പരിഷ്കരണം നിലവിൽ മാറ്റിവെച്ചിട്ടുണ്ട്.
നിയന്ത്രണ സമയങ്ങളിൽ ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ ഭാരവാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമൊരുക്കാൻ കണ്ണപുരം, തളിപ്പറമ്പ്, എടക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ ചുമതലപ്പെടുത്തി. ട്രാഫിക് ക്രമീകരണങ്ങൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുത്താൻ പൊലീസിനും ദേശീയപാത അതോറിറ്റിക്കും നിർമാണ ഏജൻസി ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ് ഭരത് റെഡ്ഡി, അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, എഡിഎം കെ ബാലഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.
