Zygo-Ad

ഇ.പി.എഫ്. പെൻഷൻകാർക്ക് പോസ്റ്റ്മാൻ വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം; സൗകര്യമൊരുക്കി തപാൽ വകുപ്പ്


കണ്ണൂർ: ഇ.പി.എഫ്. പെൻഷൻകാർക്ക് ഇനി വീട്ടുപടിക്കൽ പോസ്റ്റ്മാൻ വഴി സൗജന്യമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി.) വഴി ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സൗകര്യം ലഭ്യമാണ്.

പെൻഷൻകാർക്ക് പി.പി.ഒ. നമ്പർ, ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ സഹിതം പ്രദേശത്തെ പോസ്റ്റ്മാന്റെ സഹായത്തോടെയോ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തിയോ വിരലടയാളം രേഖപ്പെടുത്തി മിനിറ്റുകൾക്കകം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. സമർപ്പണം പൂർത്തിയാകുമ്പോൾ മൊബൈലിൽ ലഭിക്കുന്ന 'പ്രമാൺ ഐ.ഡി.' ഉപയോഗിച്ച് 'ജീവൻ പ്രമാൺ' വെബ്‌സൈറ്റിൽ (https://jeevanpramaan.gov.in/ppouser/login) നിന്ന് ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

അതേസമയം, മൂന്നോ അതിലധികമോ വർഷമായി പെൻഷൻ നിലച്ചുപോയവരോ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരോ ആയ പെൻഷണർമാർ ആവശ്യമായ രേഖകളുമായി പി.എഫ്. ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0497 2700090.



Previous Post Next Post