കുറ്റ്യാട്ടൂർ: പാവന്നൂർ മൊട്ട ഐ.ടി.എം കോളേജിന് സമീപത്ത് വെച്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നന്ദകിഷോർ, അക്ഷയ് കൊളച്ചേരി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ പ്രവർത്തകരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കാപ്പാ കേസ് പ്രതിയുൾപ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ മയ്യിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
