തളിപ്പറമ്പ്: തൃച്ചംബരം ഇലത്താളം വയലിലെ വലിയവീട്ടിൽ മനോഹരന്റെ വീട്ടുപാറയിലെ കിണറ്റിൽ അകപ്പെട്ട മൂർഖനെയും അണലിയെയും വനംവകുപ്പിന്റെ റെസ്ക്യൂ ടീം സുരക്ഷിതമായി പുറത്തെടുത്തു. ചൊവ്വാഴ്ച രാവിലെയോടെയാണ് വീട്ടുകാർ കിണറ്റിൽ വിഷപ്പാമ്പുകളെ കണ്ടെത്തിയത്.
ഉടൻതന്നെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. വി. സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം വനംവകുപ്പിന്റെയും മാർക്കിന്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം, വനംവകുപ്പിന്റെയും സർപ്പയുടെയും റെസ്ക്യൂവർമാരായ റിനാഷ്, ഷുഹൈബ് എന്നിവർ സ്ഥലത്തെത്തി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രണ്ടു പാമ്പുകളെയും കിണറ്റിൽ നിന്നും പരിക്കുകളില്ലാതെ പുറത്തെടുത്തത്. രക്ഷപ്പെടുത്തിയ പാമ്പുകളെ പിന്നീട് വനപാലകരുടെ സാന്നിധ്യത്തിൽ സുരക്ഷിതമായ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു.
