പേരാവൂർ: പേരാവൂരിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. അൻസർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ വെട്ടേറ്റ അൻസറിന്റെ നില ഗുരുതരമായി തുടരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
കല്യാണവീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. വാക്കുതർക്കത്തിന് പിന്നാലെ അയൽവാസി മൂവരെയും ആയുധം ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ അരുണിനെയും അഭിജിത്തിനെയും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ അൻസറിനെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
