കണ്ണൂർ: തനിക്കെതിരായ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് സിപിഎം നേതാവ് പി.പി. ദിവ്യ. അന്വേഷണം നടക്കട്ടെ എന്നും സത്യങ്ങൾ പുറത്തുവരട്ടെയെന്നും അവർ വ്യക്തമാക്കി. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ആരെയും ഭയക്കാനുമില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ പേരിലോ ഭർത്താവിന്റെ പേരിലോ ബിനാമിയായോ അനധികൃത സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്താൻ അവർ വെല്ലുവിളിച്ചു. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ അത് പരാതിക്കാരനായ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറാണെന്നും ദിവ്യ വ്യക്തമാക്കി. വീട്ടിൽ ഒരു ഇരുചക്രവാഹനവും ഒരു കാറുമാണുള്ളത്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും കുടുംബത്തിനില്ല. 25 കോടിയുടെ അഴിമതിയെന്നൊക്കെയുള്ള ആരോപണങ്ങൾ കേട്ടപ്പോൾ ബോധം പോയില്ലെന്നേയുള്ളൂവെന്നും അവർ പരിഹസിച്ചു.
അന്വേഷണം പേടിച്ച് നാടുവിടാനോ മാളത്തിലൊളിക്കാനോ ഉദ്ദേശിക്കുന്നില്ല. രണ്ട് വർഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങൾക്കും ഒരറുതി വേണം. ജനകീയ മുഖംമൂടി ധരിച്ച് രാഷ്ട്രീയ എതിരാളികൾക്ക് പിന്തുണ നൽകുന്നവരുടെ മുഖംമൂടികൾ പുറത്തുവരുമെന്നും അപവാദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും പി.പി. ദിവ്യ കൂട്ടിച്ചേർത്തു.
