കണ്ണൂർ: പിണറായിയിലെ തന്റെ വീടിനു മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്ന രീതിയിൽ വരുന്ന വാർത്തകളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില മാധ്യമങ്ങളും വ്യക്തികളും ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
പിണറായിയിലെ വീടിനു മുന്നിൽ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചത് പൊലീസിന്റെ ഔദ്യോഗിക സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീടിന് മുന്നിൽ പൊലീസ് സ്റ്റേഷൻ ആരംഭിച്ചിട്ടില്ലെന്നും സാധാരണ സുരക്ഷാ ഡ്യൂട്ടിക്കായി പൊലീസ് വാഹനത്തിൽ ഉദ്യോഗസ്ഥർ വന്നുപോകുകയാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടക്കുകയാണുണ്ടായത്. വാഹനം റിപ്പയർ ചെയ്ത് ഉപയോഗിക്കുമെന്നാണ് പൊലീസ് അന്ന് അറിയിച്ചിരുന്നത്. അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റാത്തതിന് കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നും സ്വന്തം വീടിന് സെക്യൂരിറ്റി വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ദുരുദ്ദേശ്യത്തോടെയുള്ള ഇത്തരം നിർമ്മിത വാർത്തകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പിണറായി വിജയൻ അഭ്യർത്ഥിച്ചു.
