കണ്ണൂർ: സ്വദേശത്തും ആഗോളവിപണിയിലും ദിനേശ് തേങ്ങാപ്പാലിന് പ്രിയമേറുന്നു. കഴിഞ്ഞ ഓണക്കാലത്ത് വൻ വിൽപ്പനയാണ് ഉൽപ്പന്നത്തിന് ലഭിച്ചത്. വിദേശരാജ്യങ്ങളായ ദുബായ്, അമേരിക്ക, ആഫ്രിക്ക, റഷ്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നും ബംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങിയ പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ നിന്നും തേങ്ങാപ്പാലിനായി വലിയ ഓർഡറുകളാണ് ലഭിക്കുന്നത്.
വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 1998-ലാണ് ദിനേശ് സഹകരണസംഘം തേങ്ങാപ്പാൽ ഉൽപാദനം ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കേഷനുകളോടെ പുറത്തിറക്കുന്ന ഉൽപ്പന്നത്തിന് പ്രതിദിനം 2000 ലിറ്റർ ഉൽപ്പാദനശേഷിയാണുള്ളത്. കുറ്റ്യാടി തേങ്ങയുടെ ഒന്നാംപാൽ മാത്രം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. പാലെടുത്ത ശേഷമുള്ള അവശിഷ്ടവും ചിരട്ടയും വിറ്റഴിക്കുന്നതിലൂടെയും സംഘത്തിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
കറികൾ, അപ്പം, ഇടിയപ്പം, പായസം എന്നിവയ്ക്കായുള്ള തേങ്ങാപ്പാലിന് പുറമെ വാനില ഫ്ലേവറിലുള്ള തേങ്ങാപ്പാൽ ഐസ്ക്രീമും അടുത്തിടെ വിപണിയിലിറക്കിയിരുന്നു. ഒരു ലിറ്റർ, അരലിറ്റർ, 200 മില്ലിലിറ്റർ തുടങ്ങിയ അളവുകളിലാണ് വിൽപന. തോട്ടടയിലെ തേങ്ങാപ്പാൽ പ്ലാന്റിൽ 46 സ്ത്രീകൾ ഉൾപ്പെടെ 54 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. തേങ്ങാപ്പാലിന് ആവശ്യം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ഉൽപ്പാദനശേഷിയുള്ള പുതിയ പ്ലാന്റ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.
