Zygo-Ad

പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിൽ കോൺക്രീറ്റ് തകർന്നു: കമ്പികൾ പുറത്തേക്ക്, അപകടഭീഷണി

 


കണ്ണൂർ: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന്റെ ദുരവസ്ഥ ജനങ്ങൾക്ക് വലിയ ദുരിതമാകുന്നു. പാലത്തിലെ കോൺക്രീറ്റ് തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് യാത്രക്കാർക്ക് കടുത്ത അപകടഭീഷണിയാണ് ഉയർത്തുന്നത്. പാലത്തിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ടതോടെ വാഹനഗതാഗതവും ഏറെ ദുഷ്കരമായിട്ടുണ്ട്.

മേൽപ്പാലത്തിലെ കുഴികൾ രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ ഭീഷണിയാകുന്നത്. കുഴികളിൽപ്പെട്ട് അപകടങ്ങൾ പതിവാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.

അറ്റകുറ്റപ്പണികൾക്കായി അടച്ച പാലം മാസങ്ങൾക്ക് മുൻപാണ് വീണ്ടും തുറന്നുകൊടുത്തത്. എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുകയും തകർന്ന സ്പാനുകളിലെ കോൺക്രീറ്റ് നീക്കം ചെയ്ത് മൈക്രോ കോൺക്രീറ്റിംഗ് നടത്തുകയും ചെയ്തിരുന്നു.

എന്നാൽ, മുൻപ് അറ്റകുറ്റപ്പണി നടത്തിയ അതേ ഭാഗങ്ങളിൽ തന്നെയാണ് മാസങ്ങൾക്കകം വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. പാലത്തിന്റെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി പരിശോധിച്ച് ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യം നാട്ടുകാരുടെയും യാത്രക്കാരുടെയും ഇടയിൽ ശക്തമാണ്.



Previous Post Next Post