Zygo-Ad

നവരാത്രി തിരക്ക്: സ്പെഷൽ ട്രെയിനുകളും അധിക സ്ലീപ്പർ കോച്ചുകളും അനുവദിച്ച് റെയിൽവേ


പാലക്കാട്: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പെഷൽ ട്രെയിനുകളും പ്രധാന ട്രെയിനുകളിൽ അധിക കോച്ചുകളും അനുവദിച്ച് റെയിൽവേ. മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ എഗ്‌മൂർ-മംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ചിട്ടുള്ളത്.

ചെന്നൈ എഗ്‌മൂർ-മംഗളൂരു എക്സ്പ്രസിന് (16159-16160) ഇരുവശത്തേക്കും ഓരോ സ്ലീപ്പർ കോച്ച് വീതം അധികമായി നൽകി. ഇതോടെ ഈ ട്രെയിനിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി ഉയർന്നു. ചെന്നൈയിൽ നിന്നുള്ള ട്രെയിനിൽ ഇന്നുമുതലും മംഗളൂരുവിൽ നിന്നുള്ള സർവീസിൽ ഒക്ടോബർ ഒന്നു മുതലും ഈ സൗകര്യം ലഭ്യമാകും.

തിരുവനന്തപുരം സെൻട്രൽ-മംഗളൂരു മാവേലി എക്സ്പ്രസ് (16603-16604), തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (16630-16629) എന്നീ ട്രെയിനുകൾക്കും ഇരുവശത്തേക്കും ഓരോ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഇതോടെ ഇരു ട്രെയിനുകളിലെയും സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 വീതമായി മാറി. മാവേലി എക്സ്പ്രസിൽ മംഗളൂരുവിൽ നിന്നുള്ള സർവീസിന് നാളെ മുതലും തിരിച്ചുള്ള സർവീസിന് പിറ്റേന്നു മുതലും അധിക കോച്ച് പ്രാബല്യത്തിൽ വരും.

തിരക്ക് പരിഹരിക്കുന്നതിനായി ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്പെഷൽ (01463) ഒക്ടോബർ 15 മുതൽ നവംബർ 19 വരെ എല്ലാ വ്യാഴാഴ്ചകളിലും വൈകീട്ട് 4 മണിക്ക് പുറപ്പെട്ട് വെള്ളിയാഴ്ച രാത്രി 11.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. മടക്ക സർവീസായ തിരുവനന്തപുരം നോർത്ത്-ലോകമാന്യതിലക് സ്പെഷൽ എക്സ്പ്രസ് (01464) ഒക്ടോബർ 17 മുതൽ നവംബർ 21 വരെ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.15-ന് പുറപ്പെട്ട് ഞായറാഴ്ച രാത്രി 11.55-ന് ലോകമാന്യതിലകിൽ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ എന്നിവയാണ് പാലക്കാട് ഡിവിഷന് കീഴിലുള്ള പ്രധാന സ്റ്റോപ്പുകൾ.


Previous Post Next Post