Zygo-Ad

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് യു.ഡി.എഫ്. 19; എൽ.ഡി.എഫ്. 18; കണ്ണൂരിൽ രണ്ടിടത്തും എൽ.ഡി.എഫിന് വിജയം



കണ്ണൂർ: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിൽ ശക്തമായ പോരാട്ടം. ആകെ പുറത്തുവന്ന ഫലങ്ങളിൽ യു.ഡി.എഫ്. 19 സീറ്റുകളിലും എൽ.ഡി.എഫ്. 18 സീറ്റുകളിലും വിജയിച്ചു. എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായി പൂതൃക്ക പഞ്ചായത്തിൽ ട്വന്റി-20 ഒരു സീറ്റ് നേടി. കഴിഞ്ഞ തവണ 22 സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായപ്പോൾ എൽ.ഡി.എഫ്. നേട്ടമുണ്ടാക്കി.

വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽ.ഡി.എഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യു.ഡി.എഫും മുന്നേറ്റമുണ്ടാക്കി. ചിറയിൻകീഴ് മണ്ഡലത്തിലെ അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽ.ഡി.എഫ്. അട്ടിമറി വിജയം നേടി.

കണ്ണൂരിൽ എൽ.ഡി.എഫ്. മുന്നേറ്റം

കണ്ണൂർ ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളിലും എൽ.ഡി.എഫ്. വിജയിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. കെ. സുരേഷ് കുമാർ 276 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സുരേഷ് കുമാർ 628 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിലെ ലത്തീഫ് പഴശ്ശി 362 വോട്ടും ബി.ജെ.പിയിലെ കെ. മോഹനൻ 31 വോട്ടും നേടി. സിപിഎമ്മിലെ കെ. കെ. അഭിമന്യുവിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്.

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ബാവോഡിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ്. പിടിച്ചെടുത്തു. എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. വി. രതീശൻ 65 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസിലെ സുരേഷ് ബാബു തണ്ടാരത്തിന്റെ വിയോഗത്തെ തുടർന്ന് നടന്ന മത്സരത്തിൽ കെ. വി. രതീശൻ 600 വോട്ടും, യു.ഡി.എഫിലെ എം. രഞ്ജിഷ് 535 വോട്ടും, എൻ.ഡി.എയിലെ കെ. പി. പ്രജിത്ത് 56 വോട്ടും നേടി. വിജയിച്ച കെ. വി. രതീശന് സി.പി.എം. നേതാക്കളായ പി. ശശി, എൻ. ചന്ദ്രൻ, കെ. വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.


Previous Post Next Post