Zygo-Ad

വീട് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് കോടികളുടെ കൂപ്പൺ തട്ടിപ്പ്: ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് കർമസമിതി



കണ്ണൂർ: ലോട്ടറി നിയമങ്ങൾ കാറ്റിൽപ്പറത്തി സമ്മാനക്കൂപ്പൺ അച്ചടിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് തട്ടിപ്പിനിരയായവരുടെ കർമസമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമെന്ന പേരിൽ സ്വന്തം വീട് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചാണ് പ്രതി കൂപ്പൺ വിൽപ്പന നടത്തിയത്. 1,500 രൂപ വിലയുള്ള 10,000 ടിക്കറ്റുകൾ വിൽക്കുമെന്ന് അറിയിച്ചെങ്കിലും ഇതിന്റെ മറവിൽ പതിനായിരത്തിലധികം കൂപ്പണുകൾ വിറ്റഴിച്ച് പ്രവാസികളിൽ നിന്നടക്കം മൂന്ന് കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നറുക്കെടുപ്പിന് തൊട്ടുമുമ്പ് പോലീസ് നടത്തിയ റെയ്ഡിൽ കൂപ്പണുകൾ പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടായിട്ടില്ലെന്ന് കർമസമിതി ആരോപിച്ചു. നിസ്സാര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനോ സ്വത്തുക്കൾ കണ്ടുകെട്ടാനോ പോലീസ് തയ്യാറായിട്ടില്ല. രണ്ടാം സമ്മാനമായി പ്രഖ്യാപിച്ച ജീപ്പ് വിൽക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് വൻതുക മാറ്റിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. നിലവിൽ 600 പേർ കർമസമിതിയിലുണ്ടെന്നും തട്ടിപ്പിനിരയായവരുടെ എണ്ണം ആയിരത്തിലധികമാണെന്നും അവർ വ്യക്തമാക്കി.


Previous Post Next Post