കണ്ണൂർ: ദേശീയപാതയിൽ അപകടരഹിത സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പോലീസ് മേധാവി കൺവീനറുമായി ഡിസ്ട്രിക്ട് ഹൈവേ സേഫ്റ്റി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. എ.ഡി.എം, നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ആർ.ടി.ഒ, ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി കളക്ടർ, തഹസീൽദാർമാർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
തഹസീൽദാർമാർ കൺവീനർമാരായുള്ള താലൂക്ക് തല ടാസ്‌ക് ഫോഴ്‌സുകളും ഇതോടൊപ്പം പ്രവർത്തനം ആരംഭിക്കും. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ലെ അപകടങ്ങൾ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പാതയിൽ പരിശോധന നടത്തുകയും അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ആവശ്യമുള്ള സ്ഥലങ്ങളിൽ സൂചക ബോർഡുകൾ സ്ഥാപിക്കുന്നതും വെളിച്ചക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതും വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സെപ്റ്റംബർ 13-നകം നൽകണം. അനധികൃത കയ്യേറ്റങ്ങൾ തടയൽ, ഗതാഗത തടസ്സങ്ങൾ നീക്കൽ എന്നിവയും ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും. രണ്ടാഴ്ചയിലൊരിക്കൽ അവലോകന യോഗം ചേരാനാണ് തീരുമാനം.
യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഢി, റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
