കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ 2026 ന്റെ പരിപാടികളുടെ റിലീസ് മേയർ പി ഇന്ദിരയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. കണ്ണൂർ ദസറയിലെ പ്രത്യേക ആകർഷണമായ സർപ്രൈസ് എന്താണെന്ന് ചടങ്ങിൽ മുഖ്യമന്ത്രി വെളിപ്പെടുത്തി. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദസറ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് മാനത്ത് വിസ്മയം തീർക്കുന്ന മെഗാ ഡ്രോൺ ഷോയാണ് ഇത്തവണത്തെ പ്രധാന ആകർഷണം.
ഒക്ടോബർ 12 മുതൽ 21 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലാണ് കണ്ണൂർ ദസറ നടക്കുന്നത്. ഒക്ടോബർ 12 ന് പ്രശസ്ത ഗായകൻ കെ എസ് ഹരിശങ്കർ നയിക്കുന്ന സംഗീത പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഫെജോ ലൈവ് റാപ് ഷോ, തൃസന്ധ്യ മ്യൂസിക് ഫ്യൂഷൻ ബാൻഡ്, ബിൻസിയും ഇമാമും നയിക്കുന്ന ഗസൽ നിശ, നവ്യ നായരുടെ നൃത്തപരിപാടി, മസാല കോഫി ബാൻഡ്, വില്ലിംഗ്ടൺ ഐലൻഡ് ബാൻഡ്, ആസിഫ് കാപ്പാടിന്റെ ഇശൽ നൈറ്റ്, ഗംഗാ ശശിധരന്റെ വയലിൻ ഫ്യൂഷൻ, അഥീന ഫോക് മെഗാ ഷോ തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറും. അവസാന ദിനമായ ഒക്ടോബർ 21 ന് ത്രയംബകം ഭജൻസും മെഗാ ഡ്രോൺ ഷോയും നടക്കും. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
