Zygo-Ad

ഡിവൈഎഫ്ഐയുടെ' ആർദ്രം ആംബുലൻസ്' ഫണ്ടിലേക്ക് ദക്ഷിണത്തുക നൽകി മുത്തപ്പൻ വെള്ളാട്ടം; കൈകോർത്ത് മയ്യിൽ ബ്ലോക്ക് കമ്മിറ്റി

 


മയ്യിൽ: ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ "ആർദ്രം" ആംബുലൻസ് വാങ്ങുന്നതിനുള്ള ഫണ്ട് ശേഖരണത്തിനിടെ വേറിട്ട വേദിക്ക് സാക്ഷ്യം വഹിച്ച് മുല്ലക്കൊടി. വടക്കൻ മലബാറിലെ വിശ്വാസകേന്ദ്രമായ ശ്രീ മുത്തപ്പൻ തന്നെ ആംബുലൻസ് ഫണ്ടിലേക്ക് സംഭാവന നൽകിയതാണ് യുവജന സംഘടനാ പ്രവർത്തകർക്ക് പുതിയ അനുഭവമായത്.

മുല്ലക്കൊടി പലാത്തിൽ കെ. ലീലയുടെ മകൻ കെ. മനോജിന്റെയും സി.പി. അനിലയുടെയും ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചാണ് ഫണ്ട് ശേഖരണത്തിനായി ഡിവൈഎഫ്ഐ പ്രവർത്തകരെ വീട്ടിലേക്ക് ക്ഷണിച്ചത്. പ്രവർത്തകർ എത്തിയ സമയം വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം നടക്കുകയായിരുന്നു. സാന്ത്വന പ്രവർത്തനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച മുത്തപ്പൻ, "ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങളാണ് എല്ലാം" എന്ന് അനുഗ്രഹിച്ച് അതുവരെ ദക്ഷിണയായി ലഭിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൈമാറുകയായിരുന്നു.

മുത്തപ്പനിൽ നിന്നും ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം തുക ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കെ.സി., മേഖല സെക്രട്ടറി അർജുൻ കയരളം, മുല്ലക്കൊടി ബ്രാഞ്ച് സെക്രട്ടറി കെ. ഉത്തമൻ, റിതിൻ രാജ്, സൗമ്യ, കെ. ദാമോദരൻ, കെ.വി. സുധാകരൻ, കെ. ശ്രീനന്ദന, പി. നന്ദന, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post