Zygo-Ad

വ്യാജരേഖകൾ ഹാജരാക്കി കെട്ടിട നമ്പർ നേടി: കണ്ണൂർ കോർപറേഷനിൽ വൻ തട്ടിപ്പ്, സെക്രട്ടറിയുടെ പരാതിയിൽ പോലീസ് അന്വേഷണം


കണ്ണൂർ: വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ അപേക്ഷ പരിഗണിച്ച് കണ്ണൂർ കോർപറേഷൻ കെട്ടിട നമ്പർ അനുവദിച്ചതായി കണ്ടെത്തൽ. പയ്യാമ്പലത്തിന് അടുത്തുള്ള റസ്റ്റോറന്റിനായി ചാലാട് സ്വദേശിയായ കെട്ടിട ഉടമയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തിയത്. കോർപറേഷൻ പള്ളിക്കുന്ന് സോണൽ ഓഫീസിലാണ് കെട്ടിട പെർമിറ്റും താമസാനുമതി സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ച് സമർപ്പിച്ചത്. റവന്യൂ വിഭാഗം യാതൊരു പരിശോധനയും നടത്താതെ ഇതിന് കെട്ടിട നമ്പർ അനുവദിക്കുകയായിരുന്നു.

സ്ഥല പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. അസിസ്റ്റന്റ് എൻജിനീയറുടെയും ഓവർസിയറുടെയും ഡിജിറ്റൽ ഒപ്പും ഫയൽ നമ്പറും വ്യാജമായി നിർമ്മിക്കുകയായിരുന്നു. താമസാനുമതി സർട്ടിഫിക്കറ്റിൽ കാണിച്ച ഫയൽ നമ്പർ ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്തിലേതും, ക്യൂആർ കോഡ് കണ്ണൂർ കോർപറേഷനിലെ തന്നെ മറ്റൊരു കെട്ടിടത്തിന്റേതുമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ പോലീസിൽ പരാതി നൽകി.


 

Previous Post Next Post