കൂത്തുപറമ്പ്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരുടെ അനാസ്ഥ കാരണം പ്രവാസി യുവാവിന് വിദേശയാത്ര മുടങ്ങിയതായി പരാതി. കൂത്തുപറമ്പ് ആമ്പിലാട് സ്വാമി വിവേകാനന്ദ നഗർ സ്വദേശി സുകൃതം വീട്ടിൽ പറമ്പൻ പ്രവീണിനാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ബഹ്റൈനിലേക്ക് പോകുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു പ്രവീൺ. ബോർഡിങ് പാസ് ലഭിച്ച ശേഷം സുരക്ഷാ പരിശോധനയ്ക്കായി ബാഗിനൊപ്പം പാസ്പോർട്ടും സ്കാനിംഗ് മെഷീനിൽ വെച്ചിരുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷം ബാഗ് തിരികെ ലഭിച്ചെങ്കിലും പാസ്പോർട്ട് കാണാതായതിനെ തുടർന്ന് പ്രവീൺ ഉടൻ തന്നെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് സി.സി.ടി.വി പരിശോധിക്കാൻ അധികൃതർ തയ്യാറായത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ സൗദിയിലേക്ക് പോകുകയായിരുന്ന മറ്റൊരു വനിതാ യാത്രക്കാരി അബദ്ധവശാൽ തങ്ങളുടേതിനൊപ്പം പ്രവീണിന്റെ പാസ്പോർട്ടും എടുത്തുകൊണ്ടുപോകുന്നത് വ്യക്തമായി. വിമാനത്തിനുള്ളിൽ വെച്ച് കാര്യം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരി എയർഹോസ്റ്റസിനെ ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്ന് ആരോപണമുണ്ട്. സൗദിയിലെത്തിയ ശേഷം ഇവർ ഇന്ത്യൻ എയർലൈൻസ് ഓഫീസിൽ ഏൽപ്പിച്ച പാസ്പോർട്ട് ചൊവ്വാഴ്ച രാത്രിയോടെ കണ്ണൂരിലെത്തിച്ച് പ്രവീണിന് തിരികെ നൽകി.
പരാതി നൽകിയ ഉടൻ തന്നെ സി.സി.ടി.വി പരിശോധിച്ച് നടപടിയെടുത്തിരുന്നെങ്കിൽ യാത്ര മുടങ്ങില്ലായിരുന്നുവെന്ന് പ്രവീൺ പറഞ്ഞു. സംഭവത്തിൽ വിമാനത്താവള അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രവീൺ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
