കണ്ണൂർ: തലശ്ശേരി പോസ്റ്റൽ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം അടിയന്തരമായി റദ്ദാക്കുക, സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി സ്വകാര്യ ഫ്രാഞ്ചൈസികൾ നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുക, ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ മേൽ ഡി.എസ്.എസ്. ആപ്പ് നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്നത് നിർത്തിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തപാൽ ജീവനക്കാർ പ്രതിഷേധത്തിൽ. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷന്റെ (എഫ്.എൻ.പി.ഒ) കണ്ണൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ ചെയർമാൻ വി.പി. ചന്ദ്രപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ. സംസ്ഥാന കൺവീനർ കെ.വി. സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി.
സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി പി.വി. രാമകൃഷ്ണൻ, എൻ.പി.ആർ.പി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കരിപ്പാൽ സുരേന്ദ്രൻ, ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ദിനു മൊട്ടമ്മൽ, വൈസ് പ്രസിഡന്റ് ഷജിൽ നമ്പ്രോൻ, സി.വി. ചന്ദ്രൻ, പി.ടി. രന്ദീപ്, എം. നവീൻ എന്നിവർ സംസാരിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി ജീവനക്കാർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് പ്രകടനവും നടത്തി.
