Zygo-Ad

ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതെന്ന് ബോധ്യപ്പെടുത്തിയ മഹാനാണ് വിനോബ ഭാവെ: ഡോ. എം.പി. മത്തായി


കണ്ണൂർ: ഭൂമിയും മണ്ണും വായുവും ലോകത്തിന്റെ പൊതുസ്വത്താണെന്നും അത് മാനവരാശിക്കാകെ അവകാശപ്പെട്ടതാണെന്നും ലോകത്തെ ബോധ്യപ്പെടുത്തിയ മഹാനുഭാവനാണ് വിനോബ ഭാവെയെന്ന് പ്രമുഖ ഗാന്ധിയൻ ചിന്തകൻ ഡോ. എം.പി. മത്തായി അഭിപ്രായപ്പെട്ടു. കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും ഗാന്ധി സെന്റിനറി മെമോറിയൽ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച ആചാര്യ വിനോബ ഭാവെ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭൂപരിഷ്കരണം പോലുള്ള ചരിത്രപരമായ പദ്ധതികൾക്ക് അടിസ്ഥാന പ്രചോദനമായത് വിനോബ ഭാവെയുടെ ഭൂദാൻ ദർശനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ് ടി.പി.ആർ. നാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സപര്യ ഭൂമിസേവാ പുരസ്കാരം നേടിയ സി. സുനിൽ കുമാറിന് ഡോ. എം.പി. മത്തായി ഉപഹാരം നൽകി ആദരിച്ചു. സർവോദയ മണ്ഡലം മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു വിനോബ ഭാവെ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി രാജൻ തീയ്യറേത്ത്, ഇ.എ. ബാലൻ, സി. സുനിൽകുമാർ, മാത്യു എം. കണ്ടത്തിൽ, പി.വി. നരേന്ദ്രൻ, പി.കെ. പ്രേമരാജൻ, മോഹനൻ പൊന്നമ്പേത്ത്, എം.ടി. ജിനരാജൻ, ദിനു മൊട്ടമ്മൽ, കെ.വി. രാഘവൻ, അഡ്വ. ടി.വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.


Previous Post Next Post